വിവാദങ്ങള്‍ ബാക്കി; എം.ശിവശങ്കര്‍ ചൊവ്വാഴ്ച ഔദ്യോഗിക ജീവിതത്തില്‍നിന്നും പടിയിറങ്ങുന്നു

09:35 AM Jan 31, 2023 | Deepika.com
തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു.

നിലവില്‍ കായിക, യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണദ്ദേഹം. മൃഗസംരക്ഷണവകുപ്പിന്‍റെ ചുമതലയും ശിവശങ്കറിനാണ്. ശിവശങ്കര്‍ വിരമിക്കുന്നതോടെ വകുപ്പുകളുടെ ചുമതല പ്രണബ് ജ്യോതിനാഥിന് സര്‍ക്കാര്‍ കെെമാറി.

1978ലെ എസ്എസ്എല്‍സിക്ക് രണ്ടാം റാങ്ക് നേടി ആളാണ് എം.ശിവശങ്കര്‍. ബി.ടെക്കിന് ശേഷം റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ പ്രവേശിച്ചത്.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികള്‍ക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിനെന്നും മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്നും പേരെടുത്ത ആളായിരുന്നു ശിവശങ്കര്‍. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെത്തിയതോടെ വിവാദങ്ങളുടെ ഉറ്റതോഴനായി അദ്ദേഹം മാറി.

മുമ്പ് സ്പ്രിംക്ലര്‍, ലൈഫ് മിഷന്‍ ആരോപണങ്ങളുയര്‍ന്നുവെങ്കിലും മുഖ്യമന്ത്രി അദ്ദേഹത്തിന് പ്രതിരോധം തീര്‍ത്തിരുന്നു. എന്നാല്‍ സ്വപ്ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് അദ്ദേഹം സസ്പെന്‍ഷനിലായി. തുടർന്ന് ഒരുവര്‍ഷത്തെ അവധിയില്‍ പ്രവേശിക്കുകയുംചെയ്തു.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ശിവശങ്കറിന് 98 ദിവസത്തെ ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. ശേഷം എഴുതിയ "അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

പക്ഷെ അനുമതിയില്ലാതെ പുസ്തകമെഴുതിയിട്ടും നടപടി ഉണ്ടായില്ല. മാത്രമല്ല
സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള ശിവശങ്കറിന്‍റെ അപേക്ഷ നിരസിച്ച സര്‍ക്കാര്‍ സെക്രട്ടേറിയേറ്റിലേക്കുള്ള രണ്ടാംവരവില്‍ അദ്ദേഹത്തിന് ഭേദപ്പെട്ട പരിഗണന നല്‍കുകയും ചെയ്തു.

ഏറ്റവും ഒടുവില്‍ ലൈഫ് മിഷന്‍ കോഴക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇഡി നോട്ടീസുമായാണ് എം. ശിവശങ്കര്‍ സെക്രട്ടേറിയേറ്റില്‍ നിന്ന് പടിയിറങ്ങുന്നത്.