ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോളിന് ഖത്തറിൽ എത്തിയവർക്കെല്ലാം സന്തോഷ വാർത്ത. ലോകകപ്പിന്റെ ഭാഗമായി പുറത്തിറക്കിയ ഫാൻ ഐഡിയായ ഹയ്യാ കാർഡിന്റെ കലാവധി നീട്ടി. ഹയ്യാ കാർഡ് കൈവശമുള്ളവർക്ക് അടുത്ത വർഷം ജനുവരി 24 വരെ ഖത്തറിൽ എത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തേക്ക് ഒരുവർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി പെർമിറ്റാണ് നൽകുന്നത്. എപ്പോള്‍ വേണമെങ്കിലും എത്ര തവണ വേണമെങ്കിലും ഖത്തറില്‍ പോകാം. ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. മാത്രമല്ല, മൂന്നു പേരെ കൂടെ കൂട്ടുകയും ചെയ്യാം. കുടുംബാംഗങ്ങളേയോ കൂട്ടുകാരെയോ കൂടെ കൂട്ടാമെന്ന് ഉത്തരവില്‍ പറയുന്നു.
നിലവില്‍ ഹയാകാര്‍ഡിന്റെ കാലാവധി ഈമാസം 23ന് അവസാനിച്ചതായി ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിലാണ് മാറ്റം വരുത്തിയത്. സന്ദർശകർക്ക് ഇ-ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്താനുമാകും. പ്രവേശനത്തിന് പ്രത്യേകം ഫീസ് നല്‍കേണ്ടതില്ലെങ്കിലും ചില നിബന്ധനകള്‍ ബാധകമാണ്.
നിബന്ധനകൾ
• ഹോട്ടൽ ബുക്കിംഗ് സംബന്ധിച്ചുള്ള വിവരങ്ങൾ ഹയ്യാ പോർട്ടലിൽ നൽകണം. കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ താമസിക്കാം, ആ വിവരങ്ങളും അറിയിക്കണം.
• പാസ്പോർട്ടിൽ കുറഞ്ഞത് മൂന്നു മാസം കാലാവധിയുണ്ടായിരിക്കണം.
• ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വേണം.
• മടക്ക വിമാന ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്തിരിക്കണം.
ഹയ്യാ കാർഡ് ഉള്ളവർക്ക് ഇനിയും ഖത്തറിൽ പ്രവേശിക്കാം; കലാവധി നീട്ടി
04:02 AM Jan 31, 2023 | Deepika.com