"ആ വേദന മോദിക്കും അമിത്ഷായ്ക്കും മനസിലാകില്ല': വികാരധീനനായി രാഹുൽ ഗാന്ധി

03:57 PM Jan 30, 2023 | Deepika.com
ശ്രീനഗർ: വെറുപ്പിന്‍റെ വിപണിയിൽ സ്നേഹത്തിന്‍റെ കട തുറക്കാനാണ് തന്‍റെ യാത്രയെന്ന് രാഹുൽ ഗാന്ധി. വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമിട്ടത്. കോൺഗ്രസിന് വേണ്ടിയോ തനിക്കു വേണ്ടിയോ അല്ല, മറിച്ച് രാജ്യത്തിന് വേണ്ടിയാണ് ഈ യാത്രയെന്നും സമാപന സമ്മേളനത്തിൽ കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ച് രാഹുൽ പറഞ്ഞു.

ഇന്ത്യ മുഴുവൻ പദയാത്ര നടത്തുന്നത് പ്രശ്നമായി തോന്നിയില്ല. യാത്രയിൽ ജനങ്ങൾ നൽകിയ പിന്തുണ കണ്ണ് നനയിക്കുന്നതാണെന്നും വികാരധീനനായി രാഹുൽ പറഞ്ഞു. കാഷ്മീരിൽ കാൽ നടയാത്ര വേണ്ടെന്ന് സുരക്ഷാ ജീവനക്കാർ പറഞ്ഞിരുന്നു. എന്നാൽ ജീവിക്കുകയാണെങ്കിൽ പേടി കൂടാതെ ജീവിക്കണം. അതാണ് എന്നെ കുടുംബവും ഗാന്ധിജിയും പഠിപ്പിച്ചത്. അതുകൊണ്ട് കാൽനടയായി തന്നെ യാത്ര ചെയ്യാൻ തീരുമാനിച്ചത്.

ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വം ഓർമിപ്പിച്ചായിരുന്നു രാഹുലിന്‍റെ പ്രസംഗം. ഇവരുടെ വിയോഗത്തിൽ രാജ്യത്തിനുണ്ടായ വേദന പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും മനസിലാകില്ല. രാജ്യത്തിന്‍റെ ലിബറൽ, മതേതര ധാർമികത സംരക്ഷിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു.