ബിബിസി ഡോക്യുമെന്‍ററി വിലക്ക് സുപ്രീം കോടതിയിൽ; ഹർജികൾ അടുത്തയാഴ്ച പരിഗണിക്കും

03:59 PM Jan 30, 2023 | Deepika.com
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിക്കു വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികളിൽ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേൾക്കും.

ഫെബ്രുവരി ആറ് തിങ്കളാഴ്ച ഇക്കാര്യം പരിഗണിക്കാമെന്നാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജിക്കാരെ അറിയിച്ചത്.

ഡോക്യുമെന്‍ററിക്കു സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് ആദ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഇതേ വിഷയത്തില്‍ എന്‍. റാം, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരും ഹര്‍ജി നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്‍ററി പ്രധാനമന്ത്രിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്.