എറണാകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് സ്ത്രീ മരിച്ചു

04:01 PM Jan 30, 2023 | Deepika.com
കൊച്ചി: എറണാകുളം ലിസി ജംഗ്ഷനിൽ ബസിടിച്ച് സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.

റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം തന്നെയാണ് ബസ് മുന്നോട്ട് എടുത്തതും. ലക്ഷ്മിയെ ഇടിച്ചിട്ട ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയും ചെയ്തു.

സംഭവസ്ഥലത്ത് വച്ചുതന്നെ ലക്ഷ്മി മരിച്ചതായി പോലീസ് പറഞ്ഞു. പോണേക്കര റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.