കേന്ദ്ര ബജറ്റിന് മുന്നോടിയായി സര്‍വകക്ഷി യോഗം തിങ്കളാഴ്ച ചേരും

09:52 AM Jan 30, 2023 | Deepika.com
ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ചുചേര്‍ത്ത യോഗം ഉച്ചയ്ക്ക് പാര്‍ലമെന്‍റ് അനക്സ് ബില്‍ഡിംഗില്‍ നടക്കും.

യോഗത്തില്‍ സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിന് എല്ലാ പാര്‍ട്ടികളുടെയും സഹകരണം സര്‍ക്കാര്‍ തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മേളനത്തില്‍ ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുമെന്നും കരുതുന്നു.

പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തുന്ന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും.

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. 2023-24 ലെ കേന്ദ്ര ബജറ്റ് അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റായിരിക്കാം. സമ്മേളനത്തിന്‍റെ ആദ്യപാദം ഈ മാസം 31 മുതല്‍ ഫെബ്രുവരി 13 വരെ നീളും.