ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയെ പരാജയപ്പെടുത്തി ബംഗളൂരു എഫ്സി. 3 -1 എന്ന സ്കോറിനാണ് ബംഗളൂരു മറീന മച്ചാൻസിനെ വീഴ്ത്തിയത്.
ശിവശക്തി നാരായണൻ(15', 23'), രോഹിത് കുമാർ(30') എന്നിവരാണ് ബംഗളൂരുവിനായി ഗോളുകൾ നേടിയത്. എഡ്വിൻ വാൻസ്പോൾ 59-ാം മിനിറ്റിൽ ചെന്നൈയിനായി ഗോൾ മടക്കിയെങ്കിലും വിജയം അകന്ന് നിന്നു.
16 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുള്ള ബംഗളൂരു പോയിന്റ് പട്ടികയിൽ ആറാമതാണ്. 17 പോയിന്റുള്ള ചെന്നൈയിൻ എട്ടാമതാണ്.
മറ്റൊരു മത്സരത്തിൽ എടികെ മോഹൻ ബഗാൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഒഡീഷ എഫ്സിയെ തകർത്തു. ദിമിത്രി പെട്രോദാസാണ് ബഗാനായി രണ്ട് ഗോളുകളും നേടിയത്. 3, 80 മിനിറ്റുകളിലാണ് പെട്രോദാസ് സ്കോർ ചെയ്തത്.
അധികസമയത്തിന്റെ നാലാം മിനിറ്റിൽ മലയാളി താരം ആഷിഖ് കുരുണിയൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 27 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ബഗാന്, ആഷിഖിന്റെ അസാന്നിധ്യം പ്ലേ ഓഫ് പോരാട്ടം കടുക്കുന്ന ഈ വേളയിൽ തിരിച്ചടിയാകും. 22 പോയിന്റുള്ള ഒഡീഷ ഏഴാമതാണ്.
ഐഎസ്എൽ: ബംഗളൂരുവിനും ബഗാനും ജയം
10:17 PM Jan 28, 2023 | Deepika.com