ലൈഫ് മിഷന്‍ കോഴ: വിരമിക്കല്‍ ദിനത്തില്‍ ഹാജരാകാന്‍ ശിവശങ്കറിന് ഇഡി നോട്ടീസ്

04:18 PM Jan 28, 2023 | Deepika.com
കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യംചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാന്‍ കായിക- യുവജന ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ഇഡി നോട്ടീസ്.

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാലുകോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുത്തത്.

കരാര്‍ ലഭിക്കാന്‍ ഇടനില നിന്ന സ്വപ്ന സുരേഷിന് ഒരുകോടി ലഭിച്ചെന്നും അവരുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.

എന്നാല്‍ 31ന് താന്‍ സര്‍വീസില്‍നിന്നും വിരമിക്കുന്നതിനാല്‍ ആ ദിവസം മാറ്റിനല്‍കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.