കെ.വി. ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

02:18 PM Jan 28, 2023 | Deepika.com
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി കെ.വി. ബിന്ദു തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് ധാരണ പ്രകാരം കേരളാ കോൺഗ്രസ്-എം പ്രതിനിധി നിർമല ജിമ്മി രാജി വച്ചതിനെ തുടർന്നാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. സിപിഎം കുമരകം ഡിവിഷൻ അംഗമാണ് കെ.വി. ബിന്ദു.

കോൺഗ്രസിലെ രാധാ വി. നായരായിരുന്നു യുഡിഎഫ് സ്ഥാനാർഥി. 22 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 14 ഉം, യുഡിഎഫിന് ഏഴ് വോട്ടും ലഭിച്ചു. കേരള ജനപക്ഷം സെക്യുലർ അംഗം ഷോൺ ജോർജ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. തെരഞ്ഞെടുപ്പിൽ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ വരണാധികാരിയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. സിപിഐയിലെ ശുഭേഷ് സുധാകരനാണ് ഇടതു സ്ഥാനാർഥി. എരുമേലി ഡിവിഷൻ പ്രതിനിധിയാണ്.

ഇടതുമുന്നണി ധാരണപ്രകാരം അടുത്ത രണ്ടുവർഷത്തേക്കാണ് സിപിഎമ്മിന് പ്രസിഡന്‍റ് സ്ഥാനവും, സിപിഐക്ക് വൈസ് പ്രസിഡന്‍റ് സ്ഥാനവും ലഭിക്കുക. അവസാന ഒരുവർഷം സിപിഐക്ക് ആണ് പ്രസിഡന്‍റ് സ്ഥാനം.