ഓ​ടു​ന്ന ലോ​റി​യി​ൽ ഉ​റ​ങ്ങു​ന്ന ഡ്രൈ​വ​ർ; കാ​ണു​ന്ന​തെ​ല്ലാം ക​ണ്ണ​ട​ച്ചു വി​ശ്വ​സി​ക്ക​രു​തേ..!

11:15 AM Jan 28, 2023 | Deepika.com
കോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന പല വാർത്തകളും ചിത്രങ്ങളും വീഡിയോകളും യഥാർഥത്തിൽ സത്യവുമായി യാതൊരു ബന്ധവും ഇല്ലാത്തവയായി പിന്നീട് മാറാറുണ്ട്. ഇത്തരം വാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്പോൾ തന്നെ ഇതിന്‍റെ സത്യാവസ്ഥ അന്വേഷിക്കാൻ ചിലരെങ്കിലും ശ്രദ്ധിക്കാറുമുണ്ട്. എന്നിരുന്നാലും പലപ്പോഴും വ്യാജ വാർത്തകളും വീഡിയോകളും ഭൂരിപക്ഷം പേരെയും തെറ്റിദ്ധരിപ്പിച്ച് കുഴിയിൽ ചാടിക്കുന്നതും നിത്യേന കാണുന്നതാണ്.

ഇത്തരം സംഭവങ്ങൾ തടയുന്നതിന് കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് ലൈവ് ആക്കി നിർത്താൻ തുടങ്ങിയത് അടുത്തിടെയാണ്. ഇതോടെ സോഷ്യൽ മീഡയയിൽ വൈറൽ ആകുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും വാർത്തകളുടെയും ഉള്ളറകൾ തെരഞ്ഞ് കേരള പോലീസ് പിറകെ പോയി സത്യം കണ്ടെത്താറുമുണ്ട്.

കഴിഞ്ഞ ദിവസം വൈറലായ വീഡിയോയുടെ കള്ളത്തരം പൊളിച്ചും കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടിരുന്നു. സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കരുതേ എന്ന മുന്നറിയിപ്പോടെയാണ് കേരള പോലീസിന്‍റെ പോസ്റ്റ്. ലോറി ഓടിക്കുന്പോൾ സ്റ്റിയറിംഗ് കെട്ടിയിട്ട് ഡ്രൈവർ പിൻസീറ്റിലേക്ക് മാറുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.

എന്നാൽ ഇത് ചരക്ക് ലോറികൾ ട്രെയിൻ മാർഗം കൊണ്ടു പോകുന്ന റോറോ സർവീസിൽ സഞ്ചരിക്കുന്ന ലോറിയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന വാസ്തവമാണ് പോലീസ് തുറന്നു കാട്ടുന്നത്. ചരക്കു ലോറികൾ റോറോ സർവീസ് കന്പാർട്ട്മെന്‍റിൽ നിർത്തിയിട്ട് ട്രെയിൻ നീങ്ങുന്ന കാഴ്ച്ചയാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പോലീസ് പോസ്റ്റ് ചെയ്തത്.

വീഡിയോ വൈറലായപ്പോൾ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന തരത്തിൽ പലരും പോലീസിനെ പഴി പറഞ്ഞിരുന്നു.