സാ​പോ​റീ​ഷ്യ​യ്ക്കു സ​മീ​പം സ്ഫോ​ട​ന​മു​ണ്ടാ​യെ​ന്ന് ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി; ത​ള്ളി റ​ഷ്യ

12:16 PM Jan 28, 2023 | Deepika.com
കീ​വ്: യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സാ​പോ​റീ​ഷ്യ ആ​ണ​വ നി​ല​യ​ത്തി​ന് സ​മീ​പം പ​തി​വാ​യി സ്ഫോ​ട​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി (ഐ​എ​ഇ​എ). ആ​ണ​വ​നി​ല​യ​ത്തി​ന്‍റെ ജ​ന​ലു​ക​ളെ പ്ര​ക​മ്പ​നം കൊ​ള്ളി​ച്ച് ബു​ധ​നാ​ഴ്ച മാ​ത്രം എ​ട്ട് സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി ഐ​എ​ഇ​എ ത​ല​വ​ൻ റാ​ഫേ​ൽ ഗ്രോ​സി‌ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി​യു​ടെ റി​പ്പോ​ർ​ട്ടി​നെ ത​ള്ളി റ​ഷ്യ രം​ഗ​ത്തെ​ത്തി. ഇ​ത് ഊ​ഹാ​പോ​ഹം മാ​ത്ര​മാ​ണെ​ന്നാ​ണ് റ​ഷ്യ​യു​ടെ പ്ര​തി​ക​ര​ണം. യൂ​റോ​പ്പി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ നി​ല​യ​മാ​ണ് സാ​പോ​റീ​ഷ്യ. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് സാ​പോ​റീ​ഷ്യ ആ​ണ​വ​നി​ല​യം യു​ക്രെ​യ്നി​ൽ നി​ന്ന് റ​ഷ്യ പി​ടി​ച്ചെ​ടു​ത്ത​ത്.

ആ​ണ​വ​നി​ല​യ​ത്തി​ന്‍റെ സ​മീ​പ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ഷ്യ​യും യു​ക്രെ​യ്നും പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ്.