കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടലിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് ജപ്തി ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഷാജി ചോദിച്ചു.
മക്കള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആയതില്‍ കുടുംബാംഗങ്ങള്‍ എന്ത് പിഴച്ചു. പതിനായിരക്കണത്തിന് ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയില്‍ ഇരിക്കുമ്പോഴാണ് പത്തും പതിനഞ്ചും സെന്റ് മാത്രമുള്ളവരുടെ ഭൂമി ജപ്തി ചെയ്യാന്‍ ഇറങ്ങുന്നത്. കോടതി വിധികള്‍ നടപ്പാക്കുന്നതില്‍ പോലും സര്‍ക്കാര്‍ പക്ഷപാതം കാണിക്കുകയാണെന്നും ഷാജി വിമര്‍ശിച്ചു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു വിമര്‍ശനം.
കഴിഞ്ഞ ദിവസം മലപ്പുറത്തെ പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിലും ഷാജി നടപടിയെ വിമര്‍ശിച്ചിരുന്നു. തീവ്രവാദത്തിന്റെ കനലില്‍ എണ്ണയൊഴിക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്ന് ഷാജി കുറ്റപ്പെടുത്തി.
പൊതുമുതല്‍ നശിപ്പിച്ച എല്ലാവരുടെയും സ്വത്ത് കണ്ടുകെട്ടുമോയെന്നും ഷാജി ചോദിച്ചു. കേരളത്തില്‍ സിപിഎം പോലെ പൊതുമുതല്‍ നശിപ്പിച്ച ഒരു പാര്‍ട്ടിയുമില്ല. സിപിഎം ജനപ്രതിനിധികള്‍ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയത് തിരിച്ചുപിടിച്ചോ? എന്നും ഷാജി ചോദിച്ചിരുന്നു.
മക്കള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആയതില്‍ കുടുംബം എന്ത് പിഴച്ചു; ജപ്തിക്കെതിരെ കെ.എം.ഷാജി
03:25 PM Jan 27, 2023 | Deepika.com