""മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം''; ബിബിസി ഡോക്യുമെന്‍ററി തള്ളാതെ യുഎസ്

02:42 PM Jan 26, 2023 | Deepika.com
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയില്‍ പ്രതികരണവുമായി യുഎസ്. മാധ്യമസ്വാതന്ത്ര്യം എവിടെയും സംരക്ഷിക്കപ്പെടണമെന്ന്
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

വാഷിംഗ്ടണിലെ പതിവ് വാര്‍ത്താ സമ്മേളനത്തിനിടെ ബിബിസി ഡോക്യൂമെന്‍ററിയെക്കുറിച്ചുള്ള പാക് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മനുഷ്യാവകാശങ്ങളായ അഭിപ്രായസ്വാതന്ത്രം, മതസ്വാതന്ത്രം തുടങ്ങിയ ജനാധിപത്യ തത്വങ്ങളെ ഉയര്‍ത്തിപിടിക്കുന്നതിന് തുടര്‍ന്നും ഊന്നല്‍ നല്‍കും. ലോകമെമ്പാടുമുള്ള ബന്ധങ്ങളില്‍ യുഎസ് ഉയര്‍ത്തിക്കാട്ടുന്നത് ഇക്കാര്യങ്ങളാണ്. ഇന്ത്യയുമായുള്ള ബന്ധത്തിലും ഇത് തീര്‍ച്ചയായും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

ബിബിസി ഡോക്യുമെന്‍ററി കണ്ടിട്ടില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യുഎസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് തനിക്കറിയാം. അവ അതുപോലെതന്നെ തുടരും. ഇന്ത്യയിലെ നടപടികളില്‍ ആശങ്കയുണ്ടാകുമ്പോഴൊക്കെ അതേക്കുറിച്ചു പ്രതികരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.