തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയാറാക്കിയ പ്രത്യേക വാഹനങ്ങൾ ഉപയോഗിച്ച് മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണം.
ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഹൈവേ പട്രോളിങ് ശക്തിപ്പെടുത്തണം. ഹോട്ട് സ്പോട്ടുകളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കണം. നിശ്ചിത കാലയളവുകളില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബൈക്ക് സ്റ്റണ്ട് തടയുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈബര്‍ പെട്രോളിങ് ശക്തിപ്പെടുത്തണം. ഒന്നിലധികം തവണ കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് നടപടിയെടുക്കണം.
വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കണം. നിര്‍ദേശാനുസരണമുള്ള വേഗതയിലാണ് വാഹനങ്ങള്‍ ഓടിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാമറകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തം. കാമറ സ്ഥാപിക്കുന്നതോടൊപ്പം പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം.
നമ്പര്‍ പ്ലേറ്റ് തിരിച്ചറിയാന്‍ സഹായിക്കുന്നതിന് വികസിപ്പിച്ച ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്നേഷന്‍ കാമറകള്‍ ഇ-ചലാന്‍ സംവിധാനവുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ഹെവി വെഹിക്കിളുകളില്‍ ഡാഷ് ബോര്‍ഡ് കാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രൂപരേഖ തയാറാക്കണം.
ദേശീയപാതകളിലും സംസ്ഥാന പാതകളിലും പ്രധാനപ്പെട്ട മറ്റ് പാതകളിലും റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. റോഡ് സുരക്ഷയ്ക്ക് മുഖ്യപരിഗണന നല്കി ട്രാഫിക്ക് ഇഞ്ചിനിയറിങ് ഡിസൈന്‍സ് വികസിപ്പിക്കണം. റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിവിളക്ക് സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കണം: മുഖ്യമന്ത്രി
07:28 PM Jan 25, 2023 | Deepika.com