"ഷാരോണിനെ വശീകരിച്ച് വിളിച്ചുവരുത്തി, കഷായത്തിൽ വിഷം കലർത്തി കൊന്നു': കുറ്റപത്രം സമർപ്പിച്ചു

03:28 PM Jan 25, 2023 | Deepika.com
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. മറ്റൊരു വിവാഹത്തിനായി കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 -ാമത്തെ ദിവസമാണ് കുറ്റപത്രം നൽകുന്നത്. ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം നൽകിയത്. ഷാരോണ്‍ കേസിന്‍റെ വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടായി അഡ്വ.വിനീത് കുമാറിനെ നിയമിച്ചിട്ടുണ്ട്.

2022 ഒക്ടോബർ 14ന് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ചാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്. ഒക്ടോബർ 25ന് ഷാരോൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ആദ്യം പാറശാല പോലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.

മുമ്പ് ഷാരോണിന്‍റെ കോളജിൽ പോയി മടങ്ങി വരുന്ന വഴിയും ജ്യൂസിൽ പാരസെറ്റാമോള്‍ കലത്തി ഗ്രീഷ്മ നൽകിയിരുന്നു. ഇതിന് ശേഷമാണ് വിഷം നൽകാൻ തീരുമാനിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പോലിസ് കുറ്റപത്രത്തിൽ പറയുന്നു.

കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഗ്രീഷ്മ മാത്രം കൊലപാതകത്തിൽ ഉൾപ്പെട്ടതിനാൽ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടില്ല. രണ്ടാം പ്രതി സിന്ധുവിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു.