"ബിബിസി ഡോക്യൂമെന്‍ററിയിലുള്ളത് സത്യം മാത്രം': അനിലിന്‍റെ രാജി സ്വാഗതം ചെയ്ത് സതീശൻ

03:29 PM Jan 25, 2023 | Deepika.com
തിരുവനന്തപുരം: അനിൽ കെ. ആന്‍റണിയുടെ രാജി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിബിസി ഡോക്യൂമെന്‍ററിയിലുള്ളത് സത്യം മാത്രമാണ്. കോൺഗ്രസിന്‍റെ നയം പാർട്ടി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാമെന്നും സതീശൻ വ്യക്തമാക്കി.

അനിൽ ആന്‍റണിയെ തള്ളി ശശി തരൂരും രംഗത്തെത്തി. ബിബിസി ഡോക്യുമെന്‍ററി രാജ്യസുരക്ഷയെ ബാധിക്കില്ലെന്ന് പറഞ്ഞ തരൂർ രാജ്യത്ത് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും സെൻസർഷിപ്പ് അംഗീകരിക്കാനാകില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.

ബിബിസി ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ പരമാധികാരത്തെ ബാധിക്കുന്ന വിഷയമാണ് എന്ന വാദത്തിനോട് യോജിക്കുന്നില്ല. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ബിബിസിക്ക് ഡോക്യുമെന്‍ററി അവതരിപ്പിക്കാന്‍ അവകാശമുണ്ട്. അതുപോലെ ജനങ്ങള്‍ക്ക് അത് കാണാനും കാണാതിരിക്കാനും അവകാശമുണ്ട്. സെന്‍സര്‍ഷിപ്പിനെ പിന്തുണക്കില്ലെന്നും തരൂര്‍ പറഞ്ഞു