ഇൻഡോർ: ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിന്റെയും രോഹിത് ശർമയുടെയും മിന്നുന്ന സെഞ്ചുറി കരുത്തി ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് സ്കോർ ചെയ്തു.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഗിൽ-രോഹിത് സഖ്യം കിവീസ് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 212 റൺസ് അടിച്ചുകൂട്ടി. രോഹിത് 85 പന്തിൽ 101 റൺസും ഗിൽ 78 പന്തിൽ 112 റൺസും നേടി.
രോഹിത് ഒൻപത് ഫോറും ആറ് സിക്സും പറത്തിയാണ് ഏകദിന കരിയറിലെ 30-ാം സെഞ്ചുറി തികച്ചത്. ഗിൽ 13 ഫോറും അഞ്ച് സിക്സും നേടി നാലാം ഏകദിന സെഞ്ചുറി പൂർത്തിയാക്കി.
തുടക്കം മികച്ചതായെങ്കിലും മധ്യനിരയിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതോടെ സ്കോറിംഗ് വേഗത കുറഞ്ഞു. 54 റൺസ് നേടിയ ഹർദിക് പാണ്ഡ്യയും 36 റൺസ് നേടിയ വിരാട് കോഹ്ലിയുമാണ് ചേർന്നാണ് പിന്നീട് സ്കോറിംഗ് നിയന്ത്രിച്ചത്.
ഒരുഘട്ടത്തിൽ ഇന്ത്യ 400 കടക്കുമെന്ന് തോന്നിച്ചെങ്കിലും വിക്കറ്റുകൾ തുടരെ നഷ്ടമായത് തിരിച്ചടിയായി. കിവീസിനായി ബ്ലെയർ ടിക്നർ, ജേക്കബ് ഡഫി എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
ഗില്ലിനും രോഹിത്തിനും സെഞ്ചുറി; റൺമല തീർത്ത് ഇന്ത്യ
05:38 PM Jan 24, 2023 | Deepika.com