ബിബിസി ഡോക്യുമെന്‍ററി: വിലക്കിനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ

03:00 PM Jan 24, 2023 | Deepika.com
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ ഡോക്യുമെന്‍ററി വിവാദത്തിൽ കേന്ദ്രസർക്കാരിന്‍റെ വിലക്കിനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ. ഡോക്യുമെന്‍ററി രാജ്യം മുഴുവൻ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മാധ്യമങ്ങളോട് പറഞ്ഞു.

ഡോക്യുമെന്‍ററിയിൽ മതവിദ്വേഷമുണ്ടാക്കുന്ന ഒന്നുമില്ലെന്നും ഇതിനാൽ എവിടെയും പ്രദർശിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ എസ്എഫ്ഐയുടെ നേതൃത്വത്തിലും ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് പ്രദർശനം.

കേന്ദ്രസർക്കാരിന്‍റെ എതിർപ്പുകൾ മറികടന്നാണ് ബിബിസി രണ്ടാം ഭാഗം പുറത്തിറക്കുന്നത്. ഡോക്യുമെന്‍ററി രാത്രി ഒമ്പതിന് ജെഎൻ‌യു യൂണിയൻ ഓഫീസിൽ പ്രദർശിപ്പിക്കുമെന്ന് വിദ്യാർഥികൾ അറിയിച്ചു. എന്നാൽ അനുമതിയില്ലാതെ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചാൽ തടയുമെന്ന് സർവകലാശാല വ്യക്തമാക്കി. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് ജെഎൻ‌യു അഡ്മിനിസ്ട്രേഷന്‍റെ നിലപാട്.