"മോദിയെ അറിയിച്ചു, ഇനി എഴുത്തും വായനയും': പദവിയൊഴിയാൻ മഹാരാഷ്ട്ര ഗവർണർ

07:12 PM Jan 23, 2023 | Deepika.com
മുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി രാജി സന്നദ്ധത അറിയിച്ചു. ഉത്തരവാദിത്തങ്ങളില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന് ഗവർണർ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി രാജ്ഭവന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇനിയുള്ള ജീവിതകാലം വായനയിലും എഴുത്തിലും മറ്റ് വിശ്രമ പ്രവർത്തനങ്ങളിലും ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുക‍യാണെന്നും മോദിയെ ഇക്കാര്യം അറിയിച്ചിരുന്നതായും രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ ഗവ‍ർണ‍ർ പറയുന്നു.

ഗവർണർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനിൽക്കെയാണ് കോഷിയാരി രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. മുംബൈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുൻപായി പദവിയൊഴിയാനാണു കോഷിയാരി ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.