പി.കെ. ഫിറോസ് റിമാൻഡിൽ; ദേശീയപാത ഉപരോധിച്ച് പ്രവർത്തകർ

06:05 PM Jan 23, 2023 | Deepika.com
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് വഞ്ചിയൂർ കോടതി ഫിറോസിനെ റിമാൻഡ് ചെയ്തത്.

തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് പാളയത്ത് വച്ചാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഫിറോസിനെ അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ ഫിറോസിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പോലീസിനെ ആക്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു, വാഹനഗതാഗതം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു പോലീസ് നടപടി. കേസിൽ 30 ഓളം യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫിറോസിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയാറായിരുന്നില്ല. പിന്നാലെയാണ് അറസ്റ്റുണ്ടായത്.

അതിനിടെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് നടക്കാവിൽ യൂത്ത് ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. പിന്നീട് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.