ഇനി എന്ത് കാട്ടാന..! ധോണിയെ വിറപ്പിച്ച പിടി സെവൻ കൂട്ടിൽ

04:53 PM Jan 22, 2023 | Deepika.com
പാലക്കാട്: ധോണി മേഖലയെ വിറപ്പിച്ച കാട്ടുകൊമ്പനെ വനംവകുപ്പ് കൂട്ടിലാക്കി. മയക്കുവെടി വച്ച് തളച്ച പിടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ധോണി ഫോറസ്റ്റ് സ്റ്റേഷനിലെ കൂട്ടിലേക്ക് മാറ്റി. ദൗത്യം വിജയകരമായതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രത്യേക കൂട്ടിലാക്കിയിരിക്കുന്ന പിടി സെവനിന് ഇനി കുങ്കിയാനയാകാനുള്ള പരിശീലനം നല്‍കും. യൂക്യാലിപ്റ്റസ് മരങ്ങള്‍ കൊണ്ടു നിര്‍മിച്ച പ്രത്യേക കൂട്ടിലാണ് പിടി സെവനെ തളച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 7.10 ന് അൻപത് മിറ്റർ ദൂരത്ത് നിന്നാണ് പിടി സെവനെ വെടിവച്ചത്. ഇടത് ചെവിക്ക് താഴെ മുൻ കാലിന് മുകളിലാണ് ആനക്ക് വെടിയേറ്റത്.

ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. മൂന്ന് കുങ്കിയാനയെയും പിടി സെവനെ പിടിക്കാൻ കാട്ടിലേക്കയച്ചിരുന്നു. വിക്രം, ഭരതൻ, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളായാണ് പിടി സെവനെ മെരുക്കാൻ കാട്ടിലുണ്ടായിരുന്നത്.

മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.