"ചിലർ കൊളോണിയൽ അടിമത്വത്തിൽ തന്നെ': ബിബിസി വിവാദത്തിൽ വിമർശനവുമായി കേന്ദ്രമന്ത്രി

02:02 PM Jan 22, 2023 | Deepika.com
ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരിട്ടു പങ്കുണ്ടെന്ന ബിബിസി ഡോക്യുമെന്‍ററിക്കെതിരേ കേന്ദ്രമന്ത്രി കിരൺ റിജിജു. ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ലെന്നും രാജ്യത്തിന്‍റെ അഖണ്ഡതയേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് ചിലർ കരുതുന്നുവെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ചിലർ രാജ്യത്തെ ദുർബലപ്പെടുതുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. അവരിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, ബിബിസി ഡോക്യുമെന്‍ററി ലിങ്കുകളിലൂടെ ഇന്ത്യയിൽ കാണുന്നതിനു കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ ഉടൻ നീക്കുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യാൻ ട്വിറ്ററിനും യൂട്യൂബിനും കേന്ദ്രം നിർദേശം നൽകി.

‘ഇന്ത്യ: മോദി എന്ന ചോദ്യം’ എന്ന ഡോക്യുമെന്‍ററി പരന്പര ബിബിസി സംപ്രേഷണം ചെയ്തതിനെതിരേ കേന്ദ്രസർക്കാർ ബ്രിട്ടീഷ് സർക്കാരിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജി-20 ഗ്രൂപ്പിന്‍റെ അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുക്കുന്ന സമയത്ത് മോദിയെ അധിക്ഷേപിക്കാനുള്ള ശ്രമം തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഗുജറാത്ത് കലാപത്തിൽ മോദിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ ശേഷമുള്ള ഇത്തരമൊരു ഡോക്യുമെന്‍ററി ഇന്ത്യയുടെ അധികാരത്തിലും വിശ്വാസ്യതയിലുമുള്ള വിദേശ കടന്നുകയറ്റമാണെന്നു കേന്ദ്രസർക്കാർ വിലയിരുത്തി. ബിബിസി ഡോക്യുമെന്‍ററിയോടു യോജിക്കുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് നേരത്തേ പ്രതികരിച്ചിരുന്നു.