"എല്ലാത്തിനും പ്രതികരിക്കാൻ ഞാൻ മന്ത്രിയല്ല, മറ്റാരോടെങ്കിലും ചോദിക്കൂ'

07:21 PM Jan 21, 2023 | Deepika.com
കൊച്ചി: ജാതി വിവേചന വിവാദങ്ങളെ തുടർന്ന് കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ മോഹന്‍ രാജിവച്ചതിനോട് പ്രതികരിക്കാൻ വിസമ്മതിച്ച് സ്ഥാപന ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ.

"കാണുന്നിടത്തെല്ലാം പ്രതികരിക്കാനില്ല. എല്ലാ വിഷയത്തിലും പ്രതികരിക്കാൻ ഞാൻ മന്ത്രിയുമല്ല. രാജിയിൽ പ്രതികരണം അറിയണമെങ്കിൽ മറ്റാരോടെങ്കിലും പോയി ചോദിക്കൂ'- അടൂർ പറഞ്ഞു.

ശനിയാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി ശങ്കര്‍ മോഹന്‍ രാജിക്കത്ത് നല്‍കിയത്. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനും രാജിക്കത്ത് കൈമാറി. ശങ്കര്‍ മോഹന്‍റെ രാജി ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ദീര്‍ഘനാളായി സമരം നടത്തിവരികയായിരുന്നു.

ക്രൂരമായ ജാതിവിവേചനമാണ് ഡയറക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ആരോപിച്ചായിരുന്നു സമരം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്വീപ്പര്‍ ജോലിക്കാരെകൊണ്ട് ഇയാള്‍ വീട്ടുജോലി ചെയിപ്പിച്ചെന്ന് ജീവനക്കാര്‍ ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചിരുന്നു.

പരീക്ഷകള്‍ കൃത്യമായി നടക്കുന്നില്ല, അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല തുടങ്ങി നിരവധി പരാതികളും ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ ഉയര്‍ന്നിരുന്നു. അതേസമയം രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്ന് ശങ്കര്‍ മോഹന്‍ പ്രതികരിച്ചു.

ആരുടെയും സമ്മര്‍ദം മൂലമല്ലെന്നും മൂന്നു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതുകൊണ്ടാണ് രാജിവച്ചതെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.