മോദിക്ക് വിമർശനം; ബിബിസി ഡോക്യുമെന്‍ററിക്ക് ഇന്ത്യയിൽ വിലക്ക്, യുട്യൂബ് ലിങ്കുകൾ നീക്കി

07:09 PM Jan 21, 2023 | Deepika.com
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററിക്ക് ഇന്ത്യയിൽ അപ്രഖ്യാപിത വിലക്ക്. ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനും യുട്യൂബിനും കേന്ദ്രം നിർദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ (ഇന്ത്യ: മോദി എന്ന ചോദ്യം)’ എന്ന പേരിലുള്ള ബിബിസിയുടെ പരന്പരയാണ് വിവാദത്തിലായത്. . ഡോക്യുമെന്‍ററിക്ക് ആഗോളതലത്തിൽ വൻ വാർത്താപ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് കേന്ദ്രം അപ്രഖ്യാപിത വിലക്കുമായി രംഗത്തെത്തിയത്.

ആയിരത്തിലേറെ പേർ കൊല്ലപ്പെട്ട 2002ലെ ഗോധ്ര കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്ന പരന്പര എന്ന വിവരണത്തോടെയാണ് ബിബിസിയുടെ ഡോക്യുമെന്‍ററി. രണ്ടു ഭാഗങ്ങളുള്ള പരന്പര ബിബിസി രണ്ടാം ചാനലിലാണു സംപ്രേഷണം തുടങ്ങിയത്.

ഗുജറാത്തിലെ സംഭവങ്ങളിൽ ആശങ്കാകുലരായ യുകെ സർക്കാർ നടത്തിയ അന്വേഷണത്തിന്‍റെ ഫലമാണു റിപ്പോർട്ടെന്ന് ബ്രിട്ടീഷ് മുൻ വിദേശകാര്യ സെക്രട്ടറി ജാക് സ്ട്രോ ബിബിസിയോടു പറയുന്നതിന്‍റെ വീഡിയോയും ബിബിസി സംപ്രേഷണം ചെയ്തു. ഗുജറാത്തിൽ ചെന്നു നടത്തിയ അന്വേഷണത്തിനു ശേഷം വളരെ സമഗ്രമായ ഒരു റിപ്പോർട്ട് തയാറാക്കിയെന്നും അദ്ദേഹം പറയുന്നു.

ബ്രിട്ടീഷ് സർക്കാർ സ്വന്തം നിലയിൽ ഗുജറാത്തിലെത്തി നടത്തിയ അന്വേഷണത്തിനു ശേഷം നൽകിയ രഹസ്യറിപ്പോർട്ടിലെ നിരവധി പേജുകളും പ്രസക്ത വാചകങ്ങളും പരന്പരയിൽ വിശദമായി കാണിക്കുന്നുണ്ട്.

നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണ് എന്നാണു റിപ്പോർട്ട് കുറ്റപ്പെടുത്തിയത്. വംശീയ ഉന്മൂലനത്തിന്‍റെ എല്ലാ അടയാളങ്ങളുമുള്ള ആസൂത്രിതമായ അക്രമങ്ങളാണ് ഗുജറാത്തിൽ നടന്നതെന്നും റിപ്പോർട്ടിലുണ്ട്.

ഇന്ത്യയിലെ മുസ്ലിംകളോടുള്ള മോദി സർക്കാരിന്‍റെ മനോഭാവത്തെക്കുറിച്ചുള്ള ആരോപണങ്ങൾ, 2019ൽ വീണ്ടും അധികാരത്തിലെത്തിയ ശേഷം മോദി നടപ്പിലാക്കിയ വിവാദ നയങ്ങൾ എന്നിങ്ങനെ രണ്ടു പരന്പരകൾ സംപ്രേഷണം ചെയ്യുന്നുവെന്നാണ് ബിബിസി അറിയിച്ചത്.