""വൃത്തികെട്ട നുണ പറഞ്ഞ് പേടിപ്പിക്കാമെന്ന് കരുതേണ്ട''; ബിജെപിക്കെതിരെ സ്വാതി മാലിവാള്‍

01:33 PM Jan 21, 2023 | Deepika.com
ന്യൂഡല്‍ഹി: വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് നേരെയുണ്ടായ അതിക്രമമെന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ നാടകംകളിയാണെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി സ്വാതി മാലിവാള്‍. വൃത്തികെട്ട നുണ പറഞ്ഞ് പേടിപ്പിക്കാമെന്ന് കരുതേണ്ടെന്ന് സ്വാതി ടിറ്ററില്‍ കുറിച്ചു.

വളരെ ചെറിയ കാലയളവിനുള്ളില്‍ താന്‍ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിലും പിന്മാറാന്‍ തയാറല്ല. ഓരോ തവണ ആക്രമണങ്ങളെ നേരിടുമ്പോഴും ഉള്ളിലെ അഗ്നി കൂടുതല്‍ ജ്വലിക്കുകയാണുണ്ടായത്.

സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ജീവിതാവസാനം വരെ പോരാടും. തന്‍റെ ശബ്ദം അടിച്ചമര്‍ത്താമെന്ന് ആരും കരുതേണ്ടെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 3.11 ഓടെയാണ് സ്വാതി മാലിവാളിന് നേരെ അതിക്രമമുണ്ടായത്. രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ രാത്രികാലത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് തെരുവിലെത്തിയപ്പോഴായിരുന്നു ആക്രമണം.

എയിംസിന്‍റെ രണ്ടാമത്തെ ഗേറ്റിന് സമീപത്തായിരുന്ന സ്വാതിയുടെ അടുത്തേയ്ക്ക് എത്തിയ അക്രമി മോശമായി സംസാരിച്ചതോടെയാണ് സംഭവത്തിന്‍റെ തുടക്കം. തുടര്‍ന്ന് സ്വാതി പ്രതികരിച്ചതോടെ ഇയാള്‍ കാറിന്‍റെ ജനല്‍ തകര്‍ത്ത് സ്വാതിയെ അകത്തേയ്ക്ക് വലിച്ചിടാന്‍ ശ്രമിച്ചു. ശക്തമായി പ്രതിരോധിച്ച കമ്മീഷന്‍ അധ്യക്ഷയെ അക്രമി റോഡിലൂടെ 15 മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്വാതി നാടകം കളിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. കേന്ദ്രത്തെയും ഡല്‍ഹി പോലീസിനെയും ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നായിരുന്നു ആരോപണം.