തിരുവനന്തപുരം: പ്രഫ. കെ.വി. തോമസിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് പദവിയോടെ നിയമിച്ചു കൊണ്ടു സർക്കാർ ഉത്തരവിറക്കി. എന്നാൽ ശന്പളവും മറ്റ് ആനുകൂല്യങ്ങളും ഉത്തരവിൽ പറഞ്ഞിട്ടില്ല. ശന്പളവും ആനുകൂല്യങ്ങളും വ്യക്തമാക്കി പിന്നീട് പ്രത്യേക ഉത്തരവിറക്കും.
ഇപ്പോഴത്തെ മന്ത്രിസഭയുടെ കാലാവധി വരെ തോമസിനു പദവിയിൽ തുടരാനാകും. കാബിനറ്റ് മന്ത്രിയുടെ പദവിയിൽ നിയമിക്കുന്നുവെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവിലുള്ളത്. നേരത്തെ കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്ന മുൻ എംപി എ. സന്പത്ത് 20 മാസം സ്ഥാനം വഹിച്ചപ്പോൾ, മൊത്തം ചെലവ് 7.26 കോടി രൂപയായിരുന്നു. ശന്പളവും മറ്റാനുകൂല്യങ്ങളും ഓഫിസും കാറും പേഴ്സണൽ സ്റ്റാഫും അടക്കമുള്ളതാണിത്.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി. തോമസിനെ ഡൽഹിയിൽ നിയമിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അജൻഡയ്ക്കു പുറത്തുള്ള വിഷയമായി ഇതു മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടുവന്നത്.
കെ.വി. തോമസിന്റെ നിയമന ഉത്തരവിറങ്ങി; ശന്പളവും ആനുകൂല്യങ്ങളും വെളിവാക്കിയില്ല
07:59 PM Jan 20, 2023 | Deepika.com