തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്പെഷല്‍ ടാസ്ക് ഫോഴ്സ് (ഇന്റലിജന്‍സ്) രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ വിഷബാധ, മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നടത്തി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.
ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരാണ് സ്പെഷല്‍ ടാസ്ക് ഫോഴ്സിലുള്ളതെന്നും മന്ത്രി അറിയിച്ചു.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടപടികള്‍ എടുക്കുകയും വിവരങ്ങള്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളില്‍ ആവശ്യമായ അന്വേഷണവും നടപടിയും റിപ്പോര്‍ട്ടും നല്കല് എന്നിവയാണ് ടാസ്ക് ഫോഴ്സിന്റെ ചുമതലകൾ.
ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തര സാഹചര്യത്തില്‍ ടാസ്ക്ഫോഴ്സ് ടീം അതിന്റെ അന്വേഷണം, തുടര്‍ നടപടികള്‍, റിപ്പോര്‍ട്ടിംഗ് എന്നിവ നടത്തണം. ജീവനക്കാര്‍ അവരവരുടെ പ്രവര്‍ത്തനം അതീവ ഗൗരവത്തോടും കൂട്ടുത്തരവാദിത്വത്തോട് കൂടിയും രഹസ്യ സ്വഭാവത്തോട് കൂടിയും നിറവേറ്റണമെന്നും നിർദേശമുണ്ട്.
ഭക്ഷ്യസുരക്ഷ: ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ അഞ്ചംഗ ടാസ്ക് ഫോഴ്സ്
07:49 PM Jan 20, 2023 | Deepika.com