ന്യൂഡല്‍ഹി: വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളിന് നേരെയുണ്ടായ അതിക്രമത്തിന്റെ
ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വനിതാ കമ്മീഷന് പുറത്ത് വിട്ടത്.
രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ രാത്രികാലത്ത് നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് തെരുവിലെത്തിയപ്പോഴാണ് സ്വാതിക്ക് നേരെ അതിക്രമമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.11 ഓടെയാണ് സംഭവം.
എയിംസിന്റെ രണ്ടാമത്തെ ഗേറ്റിന് സമീപത്തായിരുന്ന സ്വാതിയുടെ അടുത്തേയ്ക്ക് എത്തിയ അക്രമി മോശമായി സംസാരിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. തുടര്‍ന്ന് സ്വാതി പ്രതികരിച്ചതോടെ ഇയാള്‍ കാറിന്റെ ജനല്‍ തകര്‍ത്ത് സ്വാതിയെ അകത്തേയ്ക്ക് വലിച്ചിടാന്‍ ശ്രമിച്ചു. ശക്തമായി പ്രതിരോധിച്ച കമ്മീഷന് അധ്യക്ഷയെ അക്രമി റോഡിലൂടെ 15 മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു.
കമ്മീഷന് അധ്യക്ഷയായ തന്റെ ഗതി ഇതാണെങ്കില്‍ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്ന് സ്വാതി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പോലീസിന് സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന തരത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
എന്നാല്‍ സ്വാതി മല്ലിവാള്‍ നാടകം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഇല്ലാത്ത വാര്‍ത്തയുണ്ടാക്കി സ്വാതി മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് ബിജെപിയുടെ വാദം.
സ്വാതി മാലിവാളിന് നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു; നാടകമെന്ന് ബിജെപി
04:44 PM Jan 20, 2023 | Deepika.com