ന്യൂഡൽഹി: ലൈംഗിക പീഡന ആരോപണത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന വനിതാ ഗുസ്തി താരങ്ങളെ പിന്തുണച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷ പി.ടി. ഉഷ. സംഭവത്തിൽ അഗാധമായ ഉത്കണ്ഠയും അസ്വസ്ഥതയുമുണ്ടായതായി ഉഷ പറഞ്ഞു. രാജ്യത്തെ വനിതാ കായികതാരങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ദേശീയ ഒളിമ്പിക് അസോസിയേഷൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഐഒഎ അധ്യക്ഷ കൂട്ടിച്ചേർത്തു.
വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ അസോസിയേഷൻ അംഗങ്ങളുമായി ചർച്ച ചെയ്തുവരികയാണ്. അത്ലറ്റുകളുടെ ക്ഷേമവും സൗഖ്യവുമാണ് ഐഒഎയുടെ പ്രധാന മുൻഗണന. കായികതാരങ്ങൾ മുന്നോട്ട് വന്ന് അവരുടെ ആശങ്കകൾ തങ്ങളോട് പറയാൻ അഭ്യർഥിക്കുകയാണ്.
നീതി ലഭിക്കുന്ന മികച്ച അന്വേഷണം ഉറപ്പാക്കും. ഭാവിയിൽ ഉണ്ടാകാനിടയുള്ള ഇത്തരം സാഹചര്യങ്ങൾ നേരിടാൻ വേഗത്തിലുള്ള നടപടിക്കായി പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനിച്ചതായും ഉഷ പറഞ്ഞു.
മുന്നോട്ടു വരൂ, പറയൂ; വനിതാ ഗുസ്തി താരങ്ങളെ പിന്തുണച്ച് പി.ടി. ഉഷ
10:58 PM Jan 19, 2023 | Deepika.com