ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

03:26 PM Jan 18, 2023 | Deepika.com
ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 16ന് ത്രിപുരയിൽ വോട്ടെടുപ്പ് നടക്കും. മേഘാലയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നാണ് പോളിംഗ്. മാർച്ച് രണ്ടിനാണ് മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ നടക്കുക.

മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്കെത്തുക. ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസിൽ ശിക്ഷിച്ചതോടെ അയോഗ്യനാക്കിയ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മൂന്ന് സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നതായും കമ്മീഷൻ അറിയിച്ചു.