മാഗഡി റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. മുത്തപ്പയുടെ ബൊലേറോ കാറിന്റെ പിൻവശത്ത് സാഹിലിന്റെ സ്കൂട്ടർ ഇടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്യാനായി കാറിൽ നിന്നിറങ്ങിയ മുത്തപ്പയെ വെട്ടിച്ച് കടന്ന് കളയാൻ സാഹിൽ ശ്രമിച്ചു. ഇതോടെ മുത്തപ്പ സ്കൂട്ടറിന്റെ പിറകിലുള്ള സേഫ്റ്റി ഗാർഡിൽ കൈവച്ച് വാഹനം തടഞ്ഞ് നിർത്താൻ ശ്രമിച്ചു.
സാഹിൽ വാഹനവുമായി വേഗത്തിൽ കുതിച്ചതോടെ മുത്തപ്പ നിലത്ത്വീണു. റോഡിലൂടെ വലിച്ചിഴച്ചെങ്കിലും മുത്തപ്പ സേഫ്റ്റി ഗാർഡിൽ നിന്ന് കൈ എടുത്തിരുന്നില്ല. ഇതോടെ ഇയാളെ റോഡിൽ ഉപേക്ഷിക്കാനായി സാഹിൽ സ്കൂട്ടർ അപകടകരമായ രീതിയിൽ വെട്ടിച്ച് കൊണ്ട് യാത്ര തുടർന്നു.
സംഭവം കണ്ട ചില ബൈക്ക് യാത്രികരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് സ്കൂട്ടറിന് വലംവച്ചതോടെയാണ് സാഹിൽ വാഹനം നിർത്തിയത്. അപകടത്തിൽ പരിക്കേറ്റ മുത്തപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സാഹിലിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.