തിരുവനന്തപുരം: രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ കരുത്തരായ കർണാടകയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. ഒന്നാം ദിനം മത്സരം അവസാനിക്കുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എന്ന നിലയിലാണ് കേരളം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തെ ഞെട്ടിച്ച് കൊണ്ട് ഓപ്പണർമാർ ചെറിയ സ്കോറിന് പുറത്തായി. 2.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ആറ് റൺസ് എന്ന നിലയിൽ പതറിയ കേരളത്തെ സച്ചിൻ ബേബിയുടെ സെഞ്ചുറിയാണ് കരകയറ്റിയത്. വത്സൽ ഗോവിന്ദ് - സച്ചിൻ സഖ്യം നാലാം വിക്കറ്റിൽ 120 റൺസ് കൂട്ടിച്ചേർത്തു.
272 പന്തിൽ 12 ഫോറും ഒരു സിക്സും നേടിയ സച്ചിൻ 116 റൺസുമായി ക്രീസിൽ തുടരുന്നു. 31 റൺസ് നേടിയ ജലജ് സക്സനേയാണ് സച്ചിനൊപ്പം കേരളത്തിനായി രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിക്കുക.
പി.രാഹുൽ(0), രോഹൻ കുന്നുമ്മൽ(5), വത്സൽ ഗോവിന്ദ്(46), സൽമാൻ നിസാർ(0) എന്നിവരെ പുറത്താക്കിയ വി. കൗശിക് ആണ് കേരളത്തിന്റെ നടുവൊടിച്ചത്. വി. വൈശാഖ്, ശ്രേയസ് ഗോപാൽ എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടംനേടി.
രക്ഷകനായി സച്ചിൻ; കേരളം ഭേദപ്പെട്ട സ്കോറിൽ
05:21 PM Jan 17, 2023 | Deepika.com