ഇമ്രാൻ ഇടഞ്ഞു, ഇന്ത്യ "പ്രേമ'ത്തിൽ മലക്കം മറിഞ്ഞ് പാക് പ്രധാനമന്ത്രി

03:51 PM Jan 17, 2023 | Deepika.com
ഇസ്ലാമാബാദ്: ഇന്ത്യ അനുകൂല പ്രസ്താവനയിൽ മലക്കം മറിഞ്ഞ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ജമ്മു കാഷ്മീരിന്‍റെ പ്രത്യേകാധികാരം പുനഃസ്ഥാപിച്ചെങ്കിൽ മാത്രമേ ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറാകുകയുള്ളൂവെന്ന് പാക് പ്രധാനമന്ത്രി വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.

കാഷ്മീർ വിഷയത്തിൽ ഉൾപ്പെടെ ഇന്ത്യ ചർച്ചയ്ക്ക് തയാറാകണമെന്നാണ് നേരത്തേ ഷഹബാസ് ഷെരീഫ് അഭ്യർഥിച്ചിരുന്നത്. പ്രസ്താവനയ്ക്കെതിരേ ഇമ്രാൻ ഖാന്‍റെ പാർട്ടി രംഗത്തുവന്നിരുന്നു. തുടർന്നാണ് ഷഹബാസ് ഷെരീഫ് നിലപാട് മാറ്റി പുതിയ പ്രസ്താവന ഇറക്കിയത്.

ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽനിന്ന് പാക്കിസ്ഥാൻ പാഠം പഠിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി നേരത്തേ രംഗത്തെത്തിയത്. യുദ്ധം പാക്കിസ്ഥാന് പട്ടിണിയും ദുരന്തവും തൊഴിലില്ലായ്മയും മാത്രമാണ് നൽകിയത്. പരസ്പരം കലഹിക്കുന്നതിന് പകരം സമാധാനവും വികസനവും ആണ് വേണ്ടതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

പാക്കിസ്ഥാൻ സമാധാനമാണ് ആഗ്രഹിക്കുന്നത്. കാഷ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യ ചർച്ചയ്ക്ക് തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിക്കുന്നതായും അൽ അറബിയ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പാക് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും അയൽക്കാരാണ്, എന്നും അടുത്തടുത്തു കഴിയേണ്ടവരാണ്. പരസ്പരം കലഹിക്കുന്നതിന് പകരം സമാധാനവും വികസനവും ആണ് വേണ്ടത്. ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽനിന്ന് പാക്കിസ്ഥാൻ പാഠം പഠിച്ചു. യുദ്ധം പട്ടിണിയും ദുരന്തവും തൊഴിലില്ലായ്മയും മാത്രമാണ് രാജ്യത്തിന് നൽകിയതെന്നും ഷെരീഫ് വ്യക്തമാക്കി.

ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി ഇനി വിഭവങ്ങൾ പാഴാക്കാൻ ആഗ്രഹിക്കുന്നില്ല. സമാധാനത്തോടെ ജീവിച്ച് പുരോഗതി കൈവരിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ നിരസിച്ച ഷെരീഫ് അവ അവഗണിക്കാനാവില്ലെന്നും പറഞ്ഞു.