"അദ്ദേഹത്തിന് ആവേശം കൂടിപ്പോയതാണ്': സുരക്ഷാ വീഴ്ചയെപ്പറ്റി രാഹുൽ ഗാന്ധി

02:41 PM Jan 17, 2023 | Deepika.com
അമൃത്സർ: ഭാരത് ജോഡോ യാത്രയിലെ സുരക്ഷാ വീഴ്ചയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. യാത്രക്കിടയിൽ ഒരാൾ തന്നെ ആലിംഗനം ചെയ്തത് സുരക്ഷാ വീഴ്ചയായി കരുതേണ്ട. അദ്ദേഹത്തിന് ആവേശം കൂടിപ്പോയതാണ്. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ പരിശോധിച്ചിരുന്നെന്നും രാഹുൽ വ്യക്തമാക്കി.

പഞ്ചാബിലെ ഹോഷിയാർപുരിലാണ് ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. സുരക്ഷാവലയം ഭേദിച്ചെത്തിയ ആൾ രാഹുലിനെ കെട്ടിപ്പിടിക്കുകയായിരുന്നു.

സുരക്ഷാവൃത്തം ഉടൻ തന്നെ ഇയാളെ ഇവിടെനിന്നും മാറ്റി. നേരത്തേ, ഡൽഹിയിൽ വച്ചും ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച നിരന്തരം സംഭവിക്കുന്നതായി കോൺഗ്രസ് ആരോപിച്ചിരുന്നു. സമാന സംഭവമാണ് പഞ്ചാബിലും ഉണ്ടായിരിക്കുന്നത്.