രാഹുലിനെ കെട്ടിപ്പിടിച്ചു; ഭാരത് ജോഡോ യാത്രയിൽ വൻ സുരക്ഷാവീഴ്ച

03:54 PM Jan 17, 2023 | Deepika.com
അമൃത്സർ: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ വൻ വീഴ്ച. പഞ്ചാബിലെ ഹോഷിയാർപുരിലാണ് സംഭവം. സുരക്ഷാവലയം ഭേദിച്ചെത്തിയ ആൾ രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കുകയായിരുന്നു.

സുരക്ഷാവൃത്തം ഉടൻ തന്നെ ഇയാളെ ഇവിടെനിന്നും മാറ്റി. നേരത്തേ, ഡൽഹിയിൽ വച്ചും ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച നിരന്തരം സംഭവിക്കുന്നതായി കോൺഗ്രസ് ആരോപിച്ചിരുന്നു. സമാന സംഭവമാണ് പഞ്ചാബിലും ഉണ്ടായിരിക്കുന്നത്.

അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വ്യാഴാഴ്ച ജമ്മു കാഷ്മീരിലേക്ക് കടക്കുകയാണ്. യാത്ര കാഷ്മീരിൽ പ്രവേശിക്കുമ്പോൾ ചില ഭാഗങ്ങളിലേക്ക് പോകരുതെന്ന് രാഹുൽ ഗാന്ധിക്ക് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്കായി വിശദമായ പദ്ധതി തയാറാക്കിയതായും സുരക്ഷാ ഏജൻസികൾ അറിയിച്ചു. കാൽനട യാത്ര ഒഴിവാക്കി രാഹുൽ കാറിൽ സഞ്ചരിക്കണമെന്നും നിർദേശമുണ്ട്. രാത്രി തങ്ങുന്നതു സംബന്ധിച്ചും കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.