ബാ​ല​റ്റ് പെ​ട്ടി​ക്ക് സ്ഥാ​ന​ച​ല​നം: മ​ല​പ്പു​റം ക​ള​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ

08:51 PM Jan 16, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബാ​ല​റ്റ് പെ​ട്ടി വി​വാ​ദ​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് തേ​ടി. മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റോ​ടാ​ണ് സം​സ്ഥാ​ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​യ സ​ഞ്ജ​യ് കൗ​ൾ റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ത​ർ​ക്ക വി​ഷ​യ​മാ​യ സ്പെ​ഷ​ൽ ത​പാ​ൽ വോ​ട്ടു​ക​ളു​ടെ പെ​ട്ടി​ക്കാണ് സ്ഥാനചലനമുണ്ടായത്. പെ​രി​ന്ത​ൽ​മ​ണ്ണ ട്ര​ഷ​റി​യി​ൽ സൂ​ക്ഷി​ക്കേ​ണ്ടി​യി​രു​ന്ന ഇ​വ മ​ല​പ്പു​റം സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്റ്റാ​ർ ഓ​ഫീ​സി​ൽ നി​ന്ന് ഇ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ‌‌

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും വോ​ട്ടു​പെ​ട്ടി മാ​റി​യ​തെ​ങ്ങ​നെ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ ശ്രീ​ധ​ന്യ പ്ര​തി​ക​രി​ച്ചു.

സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി എ​ണ്ണാ​തെ മാ​റ്റി​വ​ച്ച 348 ത​പാ​ൽ വോ​ട്ടു​ക​ള​ട​ങ്ങി​യ പെ​ട്ടി​ക​ളി​ൽ ഒ​ന്നി​നാ​ണ് സ്ഥാ​ന​മാ​റ്റം സം​ഭ​വി​ച്ച​ത്. അ​ട്ടി​മ​റി ആ​രോ​പി​ച്ച് യു​ഡി​എ​ഫ് എം​എ​ൽ​എ ന​ജീ​ബ് കാ​ന്ത​പു​ര​വും ഇ​ട​ത് സ്ഥാ​നാ​ർ​ഥി കെ.​പി.​എം. മു​സ്ത​ഫ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.