ബഫർസോൺ: ഹർജികൾ സുപ്രീം കോടതിയുടെ മൂന്നംഗബെഞ്ചിലേക്ക്

03:58 PM Jan 16, 2023 | Deepika.com
ന്യൂഡൽഹി: ബഫര്‍സോണ്‍ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ഇന്ന് ഹർജികൾ പരിഗണിച്ച ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് മൂന്നംഗ ബെഞ്ച് ഹർജി കേൾക്കുന്നതാണ് ഉചിതമെന്ന് വ്യക്തമാക്കിയത്.

വിധിയിലെ ചില ഭാഗം ഭേദഗതി ചെയ്യുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിധിയിൽ മാറ്റം വന്നാൽ പുനഃപരിശോധന വേണ്ടല്ലോ എന്ന് കോടതി വ്യക്തമാക്കി. പ്രായോഗിക പരിഹാരം കണ്ടെത്താൻ എല്ലാവരും ശ്രമിക്കണം. ഖനനമാണ് വിഷയമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ജൂൺ മൂന്നിലെ വിധിയിൽ വ്യക്തത തേടി കേന്ദ്രം, കേരളം, കർണാടക, കർഷകസംഘടനകൾ, ഒപ്പം സ്വകാര്യ ഹർജികൾ എന്നിവയാണ് ഇന്ന് കോടതിക്ക് മുമ്പിൽ എത്തിയത്. നിലവിലുള്ള കരട് വിജ്ഞാപനത്തിന് വിധി ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം.

മതികെട്ടാന്‍ ചോലയുടെ കാര്യത്തില്‍ അന്തിമ വിജ്ഞാപനവും മറ്റുള്ളവയില്‍ കരട് വിജ്ഞാപനവുമാണ് നിലവിലുള്ളത്.