നേപ്പാള്‍ വിമാന ദുരന്തം: അപകടത്തിന് തൊട്ടുമുമ്പെടുത്തതെന്ന് കരുതുന്ന വീഡിയോ പുറത്ത്

04:45 PM Jan 16, 2023 | Deepika.com
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നുവീണ് 68 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ടുമുന്‍പെടുത്തതെന്ന് കരുതുന്ന വീഡിയോ പുറത്തുവന്നു.

സോനു ജയ്സ്വാള്‍ (35) എന്ന യാത്രക്കാരന്‍ റിക്കാര്‍ഡ് ചെയ്ത ഒരു ഫേസ്ബുക്ക് വീഡിയോ ആണ് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്വദേശിയായ ഇദ്ദേഹം തന്‍റെ വിമാന യാത്രാനുഭവം ഫേസ്ബുക്ക് ലൈവ് വഴി പങ്കുവച്ചതായാണ് അനുമാനിക്കുന്നത്.

പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ ഈ യുവാവ് വിമാനത്തിന്‍റെ അകത്തുംപുറത്തുമുള്ള കാഴ്ചകള്‍ പങ്കുവയ്ക്കുകയാണ്. വിമാനം വീടുകള്‍ക്ക് മുകളിലൂടെ പറക്കുന്നതും ഉള്ളിലുള്ള ആളുകള്‍ സന്തോഷവാന്‍മാരായി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

പിന്നീട് വലിയ ശബ്ദത്തോടെ കാമറ വ്യതിചലിക്കുന്നതും ആളുകളുടെ ഭയന്നുള്ള ശബ്ദവുമൊക്കെയാണ് കേള്‍ക്കുന്നത്. വിമാനത്തിലെ തീജ്വാലകളുടെ ദൃശ്യങ്ങളാണ് ഒടുവില്‍ കാണാനാകുന്നത്.

അപകടത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പുള്ള ഈ വീഡിയോയുടെ ആധികാരികതയില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍ വീഡിയോ യഥാര്‍ഥമാണെന്ന് നേപ്പാള്‍ മുന്‍ എംപിയും നേപ്പാളി കോണ്‍ഗ്രസ് സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ അഭിഷേക് പ്രതാപ് ഷാ പറയുന്നു. ചില മാധ്യമങ്ങളും ദൃശ്യങ്ങള്‍ സത്യമാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

യതി എയര്‍ലൈന്‍സിന്‍റെ 72 സീറ്റുള്ള വിമാനമാണ് ഞായറാഴ്ച രാവിലെ പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുമുന്പു തീപിടിച്ചു തകര്‍ന്നുവീണത്. അപകടത്തില്‍ 68 പേര്‍ മരിച്ചു. അവരില്‍ സോനു ജയ്സ്വാള്‍ അടക്കം അഞ്ച് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. അഭിഷേക് ഖുഷ്വാഹ (25), വിശാല്‍ ശര്‍മ (22), അനില്‍കുമാര്‍ രാജ്ബര്‍ (27), സഞ്ജയ് ജയ്സ്വാള്‍ (30) എന്നിവരാണ് മറ്റ് ഇന്ത്യക്കാര്‍.

കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 10:33 ന് പറന്നുയര്‍ന്ന 9 എന്‍എഎന്‍സി എടിആര്‍72 വിമാനം ഇറങ്ങുന്നതിന് ഏതാനും മിനിറ്റുകള്‍ക്കു മുമ്പ് അപകടത്തില്‍പ്പെടുകയായിരുന്നു.