നേപ്പാളിൽ തകർന്ന വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കണ്ടെത്തി

04:47 PM Jan 16, 2023 | Deepika.com
പൊഖാറ: നേപ്പാളിൽ തകർന്ന വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കണ്ടെത്തിയതായി വ്യോമയാന ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ബ്ലാക് ബോക്സ് നിർണായക പങ്കുവഹിക്കും.

യതി എയര്‍ലൈന്‍സിന്‍റെ 72 സീറ്റുള്ള വിമാനമാണ് ഞായറാഴ്ച രാവിലെ പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുമുന്പു തീപിടിച്ചു തകർന്നുവീണത്. അപകടത്തിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 68 പേർ മരിച്ചു. കാണാതായ നാലുപേർക്ക് വേണ്ടി തിങ്കളാഴ്ചയും തെരച്ചിൽ തുടരുകയാണെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.

കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നു രാവിലെ 10:33 ന് പറന്നുയര്‍ന്ന 9 എന്‍-എഎന്‍സി എടിആര്‍-72 വിമാനം ഇറങ്ങുന്നതിന് ഏതാനും മിനിറ്റുകൾക്കു മുന്പ് അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി ഓഫ് നേപ്പാള്‍ അറിയിച്ചു.

ഇറങ്ങാൻ അനുമതി ലഭിച്ച ശേഷമായിരുന്നു അത്യാഹിതം. ഇറങ്ങുന്നതിനു 10 സെക്കന്‍ഡ് മാത്രം അവശേഷിക്കെ ആകാശത്തുവച്ച് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വലിയ ശബ്ദത്തോടെ താഴേക്കു പതിക്കുകയായിരുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നാണു പ്രാഥമിക നിഗമനം.