നേപ്പാളിൽ ആകാശദുരന്തം; 35 മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

12:20 PM Jan 15, 2023 | Deepika.com
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്നു വീണു. യതി എയർലൈൻസിന്‍റെ 72 സീറ്റുള്ള യാത്രാവിമാനമാണ് റൺവേയിൽ തകർന്നു വീണത്. വിമാനം പൂർണമായും കത്തിയമർന്നതായാണ് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കത്തിക്കരിഞ്ഞ നിലയിൽ 35 മൃതദേഹങ്ങൾ കണ്ടെടുത്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരിക്കാമെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം. കാഠ്മണ്ഡുവിൽനിന്ന് പൊഖാറയിലേക്ക് എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 68 യാത്രക്കാരും നാല് വിമാന ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

വിമാനത്തിൽ നാല് ഇന്ത്യക്കാർ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനത്തിന് വേണ്ടി വിമാനത്താവളം പൂർണമായും അടച്ചതായി അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ മൂലമാണ് വിമാനം തകർന്നുവീണതെന്നാണ് സൂചന. ഞായറാഴ്ച രാവിലെ കനത്ത മൂടൽ മഞ്ഞാണ് പൊഖാറയിൽ അനുഭവപ്പെട്ടത്.