കളമശേരി: വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ചുകൊണ്ടുള്ള ചരിത്ര തീരുമാനവുമായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല(കുസാറ്റ്). കൊച്ചിയിലെ കുസാറ്റ് കാമ്പസിലും സർവകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റു കാമ്പസുകളിലും വിദ്യാർഥിനികൾക്ക് ഇനി മുതൽ അവധി ലഭിക്കും.
ഓരോ സെമസ്റ്ററിലും രണ്ടു ശതമാനം അധിക അവധി ആനുകൂല്യമാണ് ലഭിക്കുന്നത്. നിലവിൽ സെമസ്റ്റർ പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ വേണം. ഹാജർ ഇതിലും കുറവാണെങ്കിൽ വൈസ് ചാൻസലർക്ക് അപേക്ഷ നൽകി, മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാതെ അപേക്ഷ മാത്രം നൽകിയാൽ മതി. ഈ സെമസ്റ്റർ മുതലാണ് ആർത്തവ അവധി നടപ്പിലാക്കുന്നത്.
കൊച്ചി സർവകലാശാലയിലെ വിദ്യാർഥി യൂണിയന്റെ ആവശ്യപ്രകാരം ആണ് യൂണിവേഴ്സിറ്റി ഇത്തരത്തിൽ തീരുമാനത്തിൽ എത്തിയത്.
ചരിത്രംകുറിച്ച് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല: ഇനി മുതൽ ആർത്തവ അവധിയും
08:07 PM Jan 14, 2023 | Deepika.com