മുതുവറ: ആന്പക്കാട് ഫ്ലാറ്റിൽ ഒറ്റയ്ക്കു താമസിക്കുന്ന യുവ അഭിഭാഷകയെ ബാത്ത് റൂമിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. നമിത ശോഭനയാണ് (42) മരിച്ചത്. ഫോണിൽ വിളിച്ചിട്ടും കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച നമിത ഡ്രൈവിംഗ് ടെസ്റ്റിനു പോകുകയാണെന്നു സീനിയർ വക്കീലിനോടു പറഞ്ഞിരുന്നു. ചൊവ്വാഴ്ച വിളിച്ച് വെള്ളിയാഴ്ചയേ വരികയുള്ളൂവെന്നും അറിയിച്ചു. അന്നു കാണാതായപ്പോഴാണ് അന്വേഷണം നടത്തിയത്.
സമീപത്തു താമസിക്കുന്നവർ ഫ്ലാറ്റിൽനിന്ന് ദുർഗന്ധം വരുന്നതായി പറഞ്ഞിരുന്നു. തുടർന്ന് പോലീസെത്തി സീനിയർ അഡ്വക്കേറ്റും ഫ്ലാറ്റ് ഉടമയും വാർഡ് മെന്പറും ചേർന്ന് വാതിൽ തുറന്നു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.
പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു. ബാത്ത്റൂമിൽ കാൽവഴുതി തലയടിച്ചു വീണാണു മരിച്ചതെന്നു കരുതുന്നു. വർഷങ്ങളായി ഇവർ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്.
ഒറ്റയ്ക്കു താമസിക്കുന്ന യുവ അഭിഭാഷക ഫ്ലാറ്റിൽ മരിച്ചനിലയിൽ
07:47 PM Jan 14, 2023 | Deepika.com