ആലപ്പുഴ: കരുനാഗപ്പള്ളിയിലെ പാന്മസാലക്കടത്തില് ആരോപണവിധേയനായ സിപിഎം ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ എ. ഷാനവാസിനെതിരെ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തും. എസ്പി ചൈത്രാ തെരേസ ജോണിന് ലഭിച്ച പരാതികളിലാണ് അന്വേഷണം നടത്തുക.
ഷാനവാസിന്റെ ആസ്തികള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ അന്വേഷണസംഘം പരിശോധിക്കും. സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ഷാനവാസിനെതിരെ പരാതി നല്‍കിയത്. ലഹരിക്കടത്തിനായി വന്‍ റാക്കറ്റ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട റാക്കറ്റിന് പോലീസിന്റെ സഹായം ലഭിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്.
ഷാനവാസിന്റെ ലോറിയില്‍നിന്നാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. എന്നാല്‍ ലോറി താന്‍ വാടകയ്ക്കു നല്‍കിയിരിക്കുകയാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം. ഷാനവാസുമായി വാടക കരാറില്‍ ഏര്‍പ്പെട്ട ജയനെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
കരുനാഗപ്പള്ളിയിലെ പാന്‍മസാലക്കടത്ത്: ഷാനവാസിനെതിരെ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം
04:45 PM Jan 14, 2023 | Deepika.com