ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ കോടതിയിൽ വിചിത്രവാദവുമായി പ്രതി ശങ്കർ മിശ്ര. താൻ അങ്ങനെ ചെയ്തിട്ടില്ലെന്നും വയോധികയായ സഹയാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നുമായിരുന്നു ശങ്കർ മിശ്രയുടെ വാദം.
ജുഡീഷൽ കസ്റ്റഡിയിലുള്ള ശങ്കർ മിശ്രയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സെഷൻസ് കോടതിയിൽ ശങ്കർ മിശ്ര ആരോപണം നിഷേധിച്ചത്.
കഴിഞ്ഞ നവംബര്‍ 26-നാണ് സംഭവം നടന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിലായിരുന്നു ശങ്കർ മിശ്രയയുടെ അതിക്രമം നടന്നത്. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാൾ സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നതായി യാത്രക്കാരി നല്കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കേസില്‍ ശങ്കര്‍ മിശ്രയ്ക്ക് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചിരുന്നു. പട്യാല ഹൗസ് കോടതിയില്‍ വിശദമായ വാദത്തിനുശേഷമാണ് ജാമ്യാപേക്ഷ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോമള്‍ ഗാര്‍ഗ് തള്ളിയത്.
യാത്രക്കാരി സ്വയം മൂത്രമൊഴിച്ചത്; കോടതിയിൽ വിചിത്രവാദവുമായി ശങ്കർ മിശ്ര
05:50 PM Jan 13, 2023 | Deepika.com