തിരുവനന്തപുരം: ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത ശേഷം ഗുരുതര വീഴ്ച വരുത്തിയ നിർമാണ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി. ഡീൻസ് കണ്‍സ്ട്രക്ഷൻസിന്റെ എ ക്ലാസ് ലൈസൻസാണ് റദ്ദാക്കിയത്.
സൂപ്രണ്ടിംഗ് എൻജിനീയറുടേതാണ് നടപടി. നേരത്തെ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്തിരുന്നു. നിർമാണ പ്രവൃത്തി റീ-ടെൻഡർ ചെയ്തതിനെ തുടർന്നു 2021 മേയ് മാസത്തിൽ പിണറായി സർക്കാർ അധികാരത്തിൽ മടങ്ങി വന്നതിനു ശേഷം ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണ പ്രവൃത്തി നടത്തുന്നതിന് നിരന്തര ശ്രമങ്ങൾ നടത്തിയിരുന്നു.
19.90 കോടി രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചത്. തുടർന്ന് ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിച്ചു. എന്നാൽ ഇതുവരെ വെറും ആറു കിലോമീറ്റർ ബിഎംആൻഡ് ബിസി പ്രവൃത്തി മാത്രമാണു പൂർത്തീകരിച്ചിട്ടുള്ളത്.
പ്രവൃത്തി മുന്നോട്ടു കൊണ്ടുപോകുന്നതിൽ വീഴ്ചവരുത്തിയ കരാറുകാരെ റിസ്ക് ആൻഡ് കോസ്റ്റ് വ്യവസ്ഥ പ്രകാരം കരാർ റദ്ദാക്കാനും കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പ്രവൃത്തി പുനഃക്രമീകരിച്ചു സമയബന്ധിതമായി പൂർത്തീകരിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു.
ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് : വീഴ്ച വരുത്തിയ കരാറുകാരന്റെ ലൈസൻസ് റദ്ദാക്കി
09:41 PM Jan 12, 2023 | Deepika.com