ഭുബനേശ്വർ: സംസ്ഥാന സർക്കാരിന്റെ പ്രാദേശിക വികസന ഫണ്ട് തന്റെ മണ്ഡലത്തിന് അനുവദിക്കാതെ വകമാറ്റിയെന്ന് ആരോപിച്ച് ജില്ലാ കളക്ടറോട് തട്ടിക്കയറി ഒഡീഷയിലെ കോൺഗ്രസ് എംഎൽഎ. കണ്ടാബാഞ്ജി മണ്ഡലത്തിലെ എംഎൽഎ സന്തോഷ് സിംഗ് സലൂജയാണ് ബാലാംഗിർ ജില്ലാ കളക്ടർ ചഞ്ചൽ റാണയോട് തട്ടിക്കയറിയത്.
ഒഡീഷ സർക്കാരിന്റെ പദ്ധതി പ്രകാരം കണ്ടാബാഞ്ജി മണ്ഡലത്തിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകൾക്ക് അനുവദിച്ച മൂന്ന് കോടി രൂപ കളക്ടർ മറ്റ് പദ്ധതികൾക്കായി അനധികൃതമായി വകമാറ്റിയെന്നാണ് സലൂജയുടെ ആരോപണം.
ഇന്ന് നടന്ന ജില്ലാ പഞ്ചായത്ത് പദ്ധതി വിലയിരുത്തൽ യോഗത്തിനിടെ ഇത് ചൂണ്ടിക്കാട്ടി സലൂജ റാണയോട് കയർക്കുകയായിരുന്നു. എംഎൽഎ ഫണ്ട് വകമാറ്റാൻ കളക്ടർക്ക് ആരാണ് അധികാരം നൽകിയതെന്നും സംസ്ഥാന സർക്കാരിന്റെ പദ്ധതികളിൽ അനുവാദമില്ലാതെ മാറ്റം വരുത്തിയത് എങ്ങനെയെന്നും സലൂജ ചോദിച്ചു. ജനപ്രതിനിധികളായ തങ്ങളാണ് ഇക്കാര്യത്തിൽ പൊതുജനത്തോട് ഉത്തരം പറയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പങ്കെടുത്ത സംസ്ഥാന വാണിജ്യ മന്ത്രി ടുക്കുണി സാഹു സലൂജയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ദേഷ്യത്തിൽ സംസാരിച്ച സലൂജയോട് തന്റെ ഭാഗം വിശദീകരിക്കാൻ കളക്ടർ ശ്രമിച്ചെങ്കിലും അദ്ദേഹം അടങ്ങിയില്ല. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
ഫണ്ട് വകമാറ്റം; കളക്ടറോട് തട്ടിക്കയറി ഒഡീഷ കോൺഗ്രസ് എംഎൽഎ
07:18 PM Jan 12, 2023 | Deepika.com