ഡെഹ്റാഡൂണ്‍: ഉത്തരാഖണ്ഡിലെ ഇടിഞ്ഞു താഴുന്ന നഗരമായ ജോഷിമഠില്‍ നാലിനൊന്ന് കെട്ടിടങ്ങള്‍ മാത്രമാണ് തകര്‍ന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി. ആശങ്ക സൃഷ്ടിക്കുന്ന രീതിയില്‍ പ്രചാരണങ്ങള്‍ നടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബദ്രിനാഥ് തീര്‍ഥാടനം ആരംഭിക്കാനിരിക്കെ നഗരം പൂര്‍ണമായും ഇടിഞ്ഞുതാഴുകയാണെന്നും സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാണെന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് നടക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല.
ദുരന്തത്തില്‍ വീട് തകര്‍ന്നവര്‍ക്ക് അടിയന്തര സഹായമായി 1.5 ലക്ഷം രൂപ വീതം വിതരണം ചെയ്യുമെന്നും ധാമി പറഞ്ഞു. ജോഷിമഠ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം പ്രതിഷേധക്കാരെ നേരിട്ട് കണ്ട് സംസാരിക്കാന്‍ ധാമി തയാറായില്ല.
ജോഷിമഠിലെ 700 ഓളം കെട്ടിടങ്ങളിലാണ് വിള്ളല്‍ വീണിട്ടുള്ളത്. 20000 ആളുകള്‍ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറി. ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാണ് തീരുമാനം.
വര്‍ഷങ്ങളായുള്ള അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവിലെ ജോഷിമഠിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
ജോഷിമഠില്‍ തകര്‍ന്നത് നാലിലൊന്ന് കെട്ടിടങ്ങള്‍ മാത്രം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
04:53 PM Jan 12, 2023 | Deepika.com