തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം തലസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ വീണ്ടും സജീവമായ സാഹചര്യത്തിൽ ഗുണ്ടകളെ നിയന്ത്രിക്കാനുള്ള നടപടികൾ കർശനമാക്കി പോലീസ്. ഗുണ്ടകളുടെ ചിത്രം ഉൾപ്പെടെ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങൾ ഫയലായി ഓരോ പോലീസ് സ്റ്റേഷനിലും തയാറാക്കാൻ കമ്മീഷണർ നിർദ്ദേശം നൽകി.
ഇത് പ്രകാരം പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കുന്ന ഫയലുകളിൽ പേര് വിവരങ്ങൾ ഉള്ളവരെ സ്ഥിരമായി ബന്ധപ്പെടും. നിരന്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പ അടക്കമുള്ള കുറ്റങ്ങൾ ചുമത്തും.
ക്വട്ടേഷൻ സംഘങ്ങളെ മാത്രമല്ല റിയൽ എസ്റ്റേറ്റ് ബിസിനസിനും, സാമ്പത്തിക തർക്കം പരിഹരിക്കാനും, ഫ്ലാറ്റ് നിർമ്മാണത്തിനും എല്ലാം ഗുണ്ടകളെ ഉപയോഗിക്കുന്ന ആളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
ഓപ്പറേഷൻ സുപാരി എന്നറിയപ്പെടുന്ന പോലീസ് നീക്കം തലസ്ഥാനത്ത് മാത്രമാണ്. നേരത്തെ പോത്തൻകോട് യുവാവിനെ കാല് വെട്ടി എറിയുകയും വധിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഓപറേഷൻ കാവൽ കൊണ്ടുവന്നിരുന്നു.
ഗുണ്ടകളുടെ ശ്രദ്ധയ്ക്ക്..! തലസ്ഥാനത്ത് പോലീസിന്റെ ‘ഓപ്പറേഷൻ സുപാരി’
11:30 AM Jan 12, 2023 | Deepika.com