കലിഫോർണിയ: 80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് തുടക്കമായി. ഇന്ത്യക്ക് അഭിമാനമായി ഒറിജിനൽ സോംഗ് വിഭാഗത്തിൽ ആർആർആറിന് പുരസ്കാരം ലഭിച്ചു. എസ്.എസ്. രാജമൗലി സംവിധാനം നിർവഹിച്ച ചിത്രത്തിൽ എം.എം. കീരവാണിയും മകൻ കാലഭൈരവയും സംഗീതം ഒരുക്കിയ "നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് പുരസ്കാരം.
പതിനാല് വർഷത്തിന് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിൽ എത്തുന്നത്. 2009ൽ സംഗീത സംവിധായകനായ എ.ആർ. റഹ്മാനാണ് ഇതിനുമുമ്പ് ഗോൾഡൻ ഗ്ലോബ് നേടുന്നത്. ബ്രിട്ടീഷ് ഡയറക്ടര്‍ സാനി ബോയലിന്റെ സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ ജയഹോ എന്ന പാട്ടിനാണ് റഹ്മാന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചത്.
അതേസമയം, ലോക സിനിമയിലെ ഏറ്റവും വലിയ ബഹുമതിയായ ഗോൾഡൻ ഗ്ലോബിന്റെ ഇക്കൊല്ലത്തെ പുരസ്കാരങ്ങൾ പ്രഖ്യാപനങ്ങൾ തുടരുകയാണ്. കലിഫോർണിയയിലെ ബെവേർലി ഹിൽസിൽ ഹാസ്യനടൻ ജെറോഡ് കാർമൈക്കലിന്റെ ആതിഥേയത്വത്തിൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് നടക്കുന്നത്.
മികച്ച സഹനടനായി കീ ഹുയ് ഹ്യാൻ (എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്) തെരഞ്ഞെടുക്കപ്പെട്ടു. ബ്ലാക് പാന്തർ 2ലെ അഭിനയത്തിന് എയ്ഞ്ചലാ ബാസെറ്റ് ആണ് മികച്ച സഹനടി.
"നാട്ടു നാട്ടു'; ഒറിജിനൽ സോംഗ് വിഭാഗത്തിൽ ആർആർആറിന് ഗോൾഡൻ ഗ്ലോബ്
07:41 AM Jan 11, 2023 | Deepika.com