"ഗെറ്റ് ഔട്ട് രവി’;തമിഴ്നാട് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് ട്വിറ്ററിലും ട്രെന്‍ഡിംഗ്

01:07 PM Jan 10, 2023 | Deepika.com
ചെന്നൈ: തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിന്‍ സര്‍ക്കാരും ഗവര്‍ണര്‍ ആര്‍.എന്‍.രവിയും തമ്മിലെ പോര് രൂക്ഷമാകുന്നു. വിവാദം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. "ഗെറ്റ് ഔട്ട് രവി' ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് നമ്പര്‍ വണ്‍ സ്ഥാനം നേടി.

ചെന്നൈ നഗരത്തിലെ വിവിധ ഇടങ്ങളില്‍ "ഗെറ്റ് ഔട്ട് രവി’ എന്നെഴുതിയ പോസ്റ്ററുകള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ സ്ഥാപിച്ചു. പോസ്റ്ററില്‍ ഡിഎംകെ എംപി ദയാനിധി മാരന്‍, മുഖ്യമന്ത്രി സ്റ്റാലിന്‍, മന്ത്രി ഉദയനിധി സ്റ്റാലിന്‍ എന്നിവരുടെ ചിത്രങ്ങളുണ്ട്.

നേരത്തെ തമിഴ്നാടിന് പകരം "തമിഴകം' എന്ന പേര് ഉപയോഗിക്കണമെന്ന ഗവര്‍ണറുടെ അഭിപ്രായം വിവാദമായിരുന്നു. പൊങ്കല്‍ വിരുന്നിന്‍റെ ക്ഷണക്കത്തില്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ മുദ്ര ഗവര്‍ണര്‍ പതിച്ചില്ല. പകരം കത്തില്‍ സ്വയം അഭിസംബോധന ചെയ്യുന്നത് "തമിഴക ഗവര്‍ണര്‍’ എന്നാണ്.

സര്‍ക്കാരുമായുള്ള തര്‍ക്കത്തെതുടര്‍ന്ന് തിങ്കളാഴ്ച ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. നിയമസഭയിലെ പ്രസംഗത്തിനിടെ ഗവര്‍ണര്‍ പ്രസംഗത്തിന്‍റെ ഒരു ഭാഗം ഒഴിവാക്കിയിരുന്നു.

ഇതിനെതിരെ, സംസ്ഥാനത്തിന്‍റെ കരട് പ്രസംഗത്തിന് പുറത്ത് ഗവര്‍ണര്‍ സംസാരിച്ചതെല്ലാം സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കാനുള്ള പ്രമേയം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ സഭയില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.